ചാവക്കാട്: വീടിനകത്ത് പാമ്പിനെ കണ്ട് വീട്ടുകാർ പുറത്തേക്ക് ഓടി. പാമ്പിനെ കണ്ടെത്താത്തതിനെ തുടർന്ന് വീട്ടുകാർ താമസം മാറ്റി. ഇരട്ടപ്പുഴ കോളനിപ്പടിയിൽ തിരുത്തിയിൽ ഖലീൽ എന്നിവരുടെ വീടിനകത്താണ് ഇന്നലെ ഉച്ചയോടെ പാമ്പ് കയറിയത്.
വീടിനുള്ളിൽ ഖലീലും ഭാര്യയും മറ്റു ബന്ധുക്കളും ഉണ്ടായിരുന്നു. ഖലീൽ ഇരുന്നിരുന്ന കസേരയ്ക്ക് ചുവട്ടിലൂടെയാണ് പാമ്പ് ഇഴഞ്ഞുപോയത്. പിന്നീട് ഓലമേഞ്ഞ വീടിന്റെ മേൽക്കൂരയ്ക്ക് മുകളിൽ കയറുകയായിരുന്നു. പാമ്പ് അകത്ത് കയറിയതോടെ വീട്ടുകാർ പുറത്തേയ്ക്ക് ഓടി. പിന്നീട് അകത്തു കയറി പാമ്പിനെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ഗുരുവായൂരിലെ പാമ്പുപിടുത്തക്കാരൻ പ്രതീഷിനെ വിളിച്ചുവരുത്തി വീടിനകത്തും പുറത്തും ഏറെ സമയം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ പാമ്പ് ഏത് ഇനത്തിൽ പെട്ടതാണെന്ന് തിരിച്ചറിയാത്തതിനാൽ വീട്ടുകാർ ഏതാനുംദിവസം മാറി താമസിക്കുകയാണ്. ഓലമേഞ്ഞ ചെറിയ കുടിലിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച നിലയിൽ ഉള്ളതാണ് വീട്.